08:05am 22 April 2026
NEWS
നിതിൻ രാജിൻ്റെ മരണം: കേസ് വഴിതിരിച്ചുവിടാൻ അനുവദിക്കില്ല - സാംബവ മഹാസഭ
21/04/2026  10:10 AM IST
nila
നിതിൻ രാജിൻ്റെ മരണം: കേസ് വഴിതിരിച്ചുവിടാൻ അനുവദിക്കില്ല - സാംബവ മഹാസഭ

 

ചെങ്ങന്നൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡൻ്റൽ കോളജിൽ അത്മഹത്യ ചെയ്ത ഒന്നാംവർഷവിദ്യാർത്ഥി നിതിൻ രാജിൻ്റെ ആത്മഹത്യ ലോൺ ആപ്പ് ഉടമകളുടെ പേരിൽ കേസ്സെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും നിരന്തരമായ ജാത്യാധിക്ഷേപത്തിലൂടെയും ചർമ്മവർണ്ണ പരിഹാസങ്ങളിലൂടെയും ആ യുവാവിൻ്റെ ആത്മാഭിമാനത്തെ മുറിവേല്പിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ട അദ്ധ്യാപകർക്കെതിരെ നരഹത്യാകുറ്റം ചുമത്തിയും പട്ടികജാതി പട്ടിക വർഗ്ഗ അതിക്രമങ്ങൾ തടയൽ നിയമമനുസരിച്ചും കേസ്സെടുത്ത് അറസ്റ്റ് ചെയ്യാതെ പൊലീസ് നാടകം കളിക്കുന്നത് അവസാനിപ്പിക്കണമെന്ന് സാംബവ മഹാസഭ സംസ്ഥാനഡയറക്ടർ ബോർഡ് യോഗം ആവശ്യപ്പെട്ടു.
അന്യസംസ്ഥാനത്ത്പോയി ലോൺ ആപ്പിലെ പ്രതികളെ അറസ്റ്റ് ചെയ്ത കേരള പോലീസിൻ്റെ സാമർത്ഥ്യം അദ്ധ്യാപകരായ ഡോ. കെ. രാമിനെയും ഡോ.ഗീതയേയും കണ്ടെത്തി അറസ്റ്റ് ചെയ്യാത്തത് കേസ് വഴിതിരിച്ച് വിട്ട് യഥാർത്ഥ പ്രതികളെ സംരക്ഷിക്കാൻ കോളജ് മാനേജ്മെൻ്റുമായി നടത്തുന്ന ഒത്തുകളിയാണെന്നും ഇത് അനുവദിക്കില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
   നിതിൻ രാജിൻ്റെ അപമൃത്യുവിലൂടെ നിരാലംബമാക്കപ്പെട്ട ആ നിർധന കുടുംബത്തിൻ്റെ സംരക്ഷണച്ചുമതല സർക്കാർ ഏറ്റെടുക്കണമെന്നും മതിയായ സാമ്പത്തിക സഹായം നല്കുകയും കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി നല്കണമെന്നും യോഗം ആവശ്യപ്പെട്ടു.  മഹാസഭാ നേതാക്കൾ ബുധനാഴ്ച നെയ്യാറ്റിൻകരയിലുള്ള നിതിൻ രാജിൻ്റെ ഭവനസന്ദർശനത്തിന് ശേഷം സഭയുടെ സംസ്ഥാന വ്യാപക പ്രക്ഷോഭ പരിപാടികൾ പ്രഖ്യാപിക്കും.
   കല്ലിശേരി റസ്‌റ്റ് ഹൗസിൽ കൂടിയ യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് സി.കെ.ശശി അദ്ധ്യക്ഷത വഹിച്ചു.
 ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി റിപ്പോർട്ടവതരിപ്പിച്ചു. വൈസ് പ്രസിഡൻ്റ് ഉദയൻ കരിപ്പാലിൽ, ജോയിൻ്റ് സെക്രട്ടറിമാരായ കെ.സി.ആർ. തമ്പി, ആർ. വിജയകുമാരി, സി.കെ. രാജേന്ദ്രപ്രസാദ്, ഏ. മുരുകദാസ്, വനിതാ സമാജം ജനറൽ സെക്രട്ടറി ബിന്ദു സുരേഷ്, യൂത്ത് മൂവ്‌മെൻ്റ് പ്രസിഡൻ്റ് അനീഷ് കാരയ്ക്കാട്, പി.കെ. സജി, ജി.രാജ്മോഹൻ, അമ്പിളി സുരേഷ് ബാബു, ടി.മോഹനൻ, ലത അനിൽ, റ്റി.കെ. സുരേഷ്, എം കെ. ദിനേശൻ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img